സാമൂഹിക ലിങ്കുകൾ

News Updates

സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവം; ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കും

തിരുവനന്തപുരം∙ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറ കാണാനെത്തിയ സ്കൂൾ വിദ്യാർഥികളെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസിനു വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ റൂറൽ എസ്പി നിർദേശം നൽകി. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി ഡി.ശിൽപ പറഞ്ഞു.

കുട്ടികളെ മർദിച്ച പോത്തൻകോട് ശ്രീനാരായണപുരം കമ്പിടിവീട്ടിക്കോണം വീട്ടിൽ എം.മനീഷിനെ (29) സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. ഈ മാസം നാലിനാണ് സംഭവം നടന്നത്. അസഭ്യവും അശ്ലീല പദപ്രയോഗവും നടത്തിയതിനും അനധികൃതമായി തടഞ്ഞു നിർത്തിയതിനും ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് കേസെടുത്തത്.

കേസിന്റെ ഫയൽ ഡിവൈഎസ്പിക്കു കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു ഐപിസി 354 ജാമ്യമില്ലാ വകുപ്പുകൂടി ചേർക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ഒരാളാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നാണ് മനസിലാകുന്നതെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതി ചേർക്കുമെന്നും റൂറൽ എസ്പി പറഞ്ഞു.