ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയിൽ അടുത്ത വർഷം മുതൽ വനിതകളെയും ഉൾപ്പെടുത്തമെന്നു വ്യോമസേന. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു. വ്യോമസേനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വനിതാ അഗ്നിവീറുകളെ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നത് വെല്ലുവിളിയാണ്. എന്നാൽ, ഇന്ത്യയുടെ യുദ്ധവീര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ശരിയായ കഴിവും അറിവുമുള്ള സൈനികരായി അഗ്നിവീരരെ വാർത്തെടുക്കാൻ ഞങ്ങൾ പരിശീലന പദ്ധതി പുതുക്കിയിട്ടുണ്ട്. ഡിസംബറിൽ 3,000 അഗ്നിവീർ അംഗങ്ങളെ സേനയിൽ ഉൾപ്പെടുത്തും.
മതിയായ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനായി വരുംവർഷങ്ങളിൽ ഈ സംഖ്യ ഉയർത്തും. അടുത്ത വർഷം തന്നെ വനിതാ അഗ്നിവീറുകളെയും സേനയുടെ ഭാഗമാക്കും. ഇതിനുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പുരോഗമിക്കുകയാണ്’’– എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു.