തലശ്ശേരി : തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്.
തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നെട്ടൂർ സ്വദേശി ഷാനിബിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 4.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. ഷമീറിന്റെ മകൻ ഷബീലിനെ നേരത്തേ ഒരു സംഘം മർദ്ദിച്ചിരുന്നു. ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന പേരിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഖാലിദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഇരുവരെയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.