തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാര്‍ക്കുകൂടി അവസരം ലഭിക്കും വിധം പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കും. 21-ന് ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതില്‍ രൂപരേഖ തയ്യാറാക്കും. യോഗ്യരായവര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
എ പ്ലസുകാര്‍ വര്‍ധിച്ച കഴിഞ്ഞവര്‍ഷം ബാച്ചുകള്‍ ക്രമീകരിച്ച് നല്‍കേണ്ടിവന്നിരുന്നു. 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 3,61,307 പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലുണ്ട്. വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റും ഐ.ടി.ഐ. കളില്‍ 64,000 സീറ്റും പോളിടെക്നിക്കുകളില്‍ 9000 സീറ്റും ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പത്താംക്ലാസ് ജയിച്ചവരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്. മറ്റുജില്ലകളില്‍ പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെങ്കിലും ഇതരകോഴ്സുകളിലേക്ക് പലരും ചേക്കേറുമെന്നതിനാല്‍ പ്രവേശനത്തെ ബാധിക്കാനിടയില്ല.