ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ജീവനൊടുക്കിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ്. ദിലീപ്(21) എഴുതിയ കുറിപ്പാണ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്തത്. അഖിന്‍ നേരത്തെ പഠിച്ച കോഴിക്കോട് എന്‍.ഐ.ടി.യിലെ അധ്യാപകനെതിരേയാണ് കുറിപ്പില്‍ പരാമര്‍ശമുള്ളത്.
വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എന്‍.ഐ.ടി.യിലെ പഠനം അവസാനിപ്പിക്കാനിടയായതിന് പ്രൊഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നുവെന്നാണ് കുറിപ്പിലുള്ളത്. താനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നതായും താന്‍ എല്ലാവര്‍ക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.