കൊച്ചി∙ ആലുവയിൽനിന്ന് 1980 മുതൽ ആറു തവണ നിയമസഭയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുഹമ്മദാലി (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 15 വർഷമായി സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദ് എൽഡിഎഫ് സ്ഥാനാർഥിയായി ആലുവയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1980ൽ സിപിഎം പിന്തുണയോടെയായിരുന്നു മുഹമ്മദാലി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത് എന്നതു ചരിത്രം. ആലുവയിലെ സിറ്റിങ് എംഎൽഎ ആയിരുന്ന ഇന്ദിര കോൺഗ്രസിലെ ടി.എച്ച്.മുസ്തഫയ്ക്ക് എതിരെയായിരുന്നു കന്നിയങ്കം. അന്നത്തെ പ്രത്യേക രാഷ്ട്രീയ സമവാക്യങ്ങൾക്കിടെ എ.കെ.ആന്റണിയുടെ നിർദേശത്തെ തുടർന്നായിരുന്നു മത്സരരംഗത്തെത്തിയത്.
കോൺഗ്രസ് എയും സിപിഎമ്മും ലീഗിലെ ഒരു വിഭാഗവും മുഹമ്മദാലിക്കു വേണ്ടി രംഗത്തിറങ്ങിയപ്പോൾ ഇന്ദിരാ കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും മറുവശത്ത് ടി.എച്ച്.മുസ്തഫയ്ക്കു വേണ്ടി രംഗത്തിറങ്ങി. എ.കെ.ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു മുഹമ്മദാലി. ഉമ്മൻചാണ്ടി പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറിയായി. 1982ൽ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സിപിഎമ്മിനെതിരെയായിരുന്നു മുഹമ്മദാലിയുടെ മത്സരം.
2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. തുടർന്നും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ഇതിനിടെ ഇടതു സ്ഥാനാർഥിയായി കളത്തിലിറങ്ങിയ മരുമകളെ പിന്തുണച്ചത് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള വിമർശനത്തിനു വഴിവച്ചിരുന്നു.