ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അന്തിമ സ്ഥാനാർഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിയോടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കും.
പ്രചാരണത്തിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി നിർദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും ഇന്ന് പരിശോധിക്കും. പദവികളിലിരുന്ന് പക്ഷം ചേർന്നുള്ള പ്രസ്താവനകൾ നടത്തരുതെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിർദേശം. അതേസമയം, നാമനിർദേശക പത്രിക പിൻവലിക്കില്ലെന്നും മത്സരിക്കാന്‍ തന്നെയാണ് ഇറങ്ങിയതെന്നും ശശി തരൂർ എംപി വ്യക്തമാക്കി.
ഇന്നും നാളെയും മുംബൈയിലാണ് തരൂരിന്റെ പ്രചാരണം. ഹൈദരാബാദിലും വിജയവാഡയിലുമാണ് ഹൈക്കമാന്‍ഡ് പിന്തുണയുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയുടെ പ്രചാരണ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.